Friday 28 June 2013

ഗദ്യപ്രാര്‍ത്ഥന – ശ്രീ നാരായണഗുരു


കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നിശിപ്പിക്കുന്ന – വറുത്തുകളയുന്ന – പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയില്‍ തെളിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ!

അല്ലയോ ദൈവമേ! കണ്ണു കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീര്‍ക്കുമിളപോലെ നിലയറ്റതാകുന്നു. എല്ല‍ാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം  ശരീരമല്ല, അറിവാകുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം  ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കു-കളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാന്‍ ഉണര്‍വ്വിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പോഴും ചിന്തിക്കുമാറാകണമേ! നീ എന്റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തുകൊണ്ട് എനിക്ക് നിന്റെ പരമാനന്ദം നല്‍കേണമേ! എന്റെ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവില്‍ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ!


0 comments:

Post a Comment