Saturday 10 November 2012

മഹാകവി കുമാരനാശാന്‍


കുമാരനാശാന്‍ 1873 ഏപ്രില്‍ 12 (1048 മേടം 1ന്‌) ചിത്രപൌര്‍ണ്ണമി ദിവസം തിരുവനന്തപുരം ജില്ലയില്‍ കായിക്കര എന്ന കടലോര ഗ്രാമത്തിലെ തൊമ്മന്‍ വിളാകം എന്ന ഭവനത്തില്‍ ജനിച്ചു. പിതാവ്‌ : നാരായണന്‍. മാതാവ്‌: കാളിയമ്മ (കൊച്ചുപെണ്ണ്‌) പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായും ഒരു വ്യാപാരിയുടെ കണക്കെഴുത്തുകാരനായും ജോലി നോക്കി. മണമ്പൂറ്‍ ഗോവിന്ദനാശാന്‍ നടത്തിയിരുന്ന സംസ്കൃത വിദ്യാലയത്തില്‍ സംസ്കൃതത്തില്‍ ഉപരിപഠനം നടത്തി. ചിന്താശീലനായിരുന്നു കുമാരനാശാന്‍. ചെറുപ്രായത്തില്‍ തന്നെ കവിതാരചനയില്‍ ഏര്‍പ്പെട്ടു. പ്രധാനമായും സ്ത്രോത്രകൃതികളാണ്‌ അക്കാലത്ത്‌ രചിച്ചത്‌.

1891ല്‍ ഗുരുദേവനെ  കണ്ടുമുട്ടിയത്‌ കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. അസാധാരണമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുു അത്‌. ഗുരുവിനോടൊപ്പം അരുവിപ്പുറത്ത്‌ കഴിച്ചുകൂട്ടിയ ആദ്യവര്‍ഷങ്ങളില്‍ സംസ്കൃതം, തമിഴ്‌, യോഗവിദ്യ, വേദാന്തം എന്നീ വിഷയങ്ങള്‍ അഭ്യസിച്ചു. കുമാരന്റെ കഴിവുകള്‍ കണ്ട ഗുരു അദ്ധേഹത്തെ ഡോക്ടര്‍ പല്പുവിന്റെ സംരക്ഷണയില്‍ ബംഗ്ലൂരിലും, മദ്രാസിലും, കല്‍ക്കട്ടയിലും ഉപരി പഠനത്തിനായി അയച്ചു. . ബാംഗ്ളൂരിലും മദ്രാസിലും കല്‍ക്കത്തയിലുമായിരുന്നു വിദ്യാഭ്യാസം. ഇംഗ്ളീഷ്‌ ഭാഷയിലും സാഹിത്യത്തിലും അവഗാഹം നേടുവാന്‍ കല്‍ക്കത്തയിലെ വാസം കുമാരനാശാനെ സഹായിച്ചു. 1900-ല്‍ അരുവിപ്പുറത്തു തിരിച്ചെത്തി.

ചിന്നസ്വാമി എന്നു പരക്കെ അിറയപ്പെടുവാന്‍ തുടങ്ങിയ ആശാന്‍ 1903- ല്‍ എസ്‌.എന്‍.ഡി.പി. യോഗം സ്ഥാപിതമായപ്പോള്‍ അതിന്റെ സെക്രട്ടറിയായി.1904 ല്‍ യോഗത്തിന്റെ മുഖപത്രമായ വിവേകോദയം ആശാന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ചു. അനന്തരകാലത്ത്‌ ചെറായിയില്‍ നിന്നും പ്രസീദ്ധപ്പെടുത്തിയ 'പ്രതിഭ മാസിക'യുടെ പത്രാധിപരായും കുമാരനാശാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1907 ല്‍ വീണപൂവ്‌ പ്രസിദ്ധപ്പെടുത്തിയതോടു കൂടി പ്രതിഭാശാലിയായ ഒരു കവിയെന്ന നിലയില്‍ കുമാരനാശാന്‍ ശ്രദ്ധേയനായി. നളിനിയും ലീലയും തുടര്‍ന്ന്‌ പ്രസിദ്ധീകൃതമായപ്പോള്‍ ആശാന്റെ പ്രശസ്തിയും അംഗീകാരവും വര്‍ദ്ധിച്ചു.1914 ല്‍ യോഗത്തിന്റെ പ്രധിനിധിയായി ശ്രീമൂലം പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്യപെട്ടു. അക്കാലത്തു പിന്നോക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ശ്രേദ്ധേയമായ പ്രസംഗങ്ങള്‍ നടത്തി . 1918 ല്‍ ഭാനുമതിയമ്മയെ വിവാഹം ചെയ്തു. വിവാഹാനന്തരം തോയ്ക്കല്‍ എന്ന സ്ഥലത്ത്‌ കുറെ സ്ഥലം വാങ്ങി വീടു വെച്ച്‌ സ്ഥിരവാസമായി. ആശാന്‍- ഭാനുമതിയമ്മ ദമ്പതികള്‍ക്ക്‌ രണ്ട്‌ പുത്രന്‍മാരുണ്ടായി. സുധാകരന്‍, പ്രഭാകരന്‍. 1922 ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ ഇംഗ്ളണ്ടിലെ വെയിത്സ്‌ രാജകുമാരനില്‍ നിന്നും പട്ടും വളയും സമ്മാനമായി സ്വീകരിച്ചു.  1924 ജനുവരി 16ന്‌ (51 ാം വയസ്സില്‍) മലയാള സാഹിത്യത്തിനു വിശിഷ്ടങ്ങളായ കാവ്യങ്ങള്‍ സമ്മാനിച്ച ആ മഹാനുഭാവന്‍ കൊല്ലത്തുനിന്ന് ആലപുഴയ്ക്കുള്ള ഒരു ബോട്ട് യാത്രയില്‍ ( റെഡിമര്‍ എന്ന ബോട്ട് )  പല്ലനയാറ്റില്‍ വച്ച് അപകടത്തില്‍ പെട്ട് ഭൌതിക ലോകത്തോട്‌ വിട പറഞ്ഞു.
വീണപൂര്‌ (1907), ഒരു സിംഹപ്രസവം (1908), നളിനി (1911), ലീല (1914), ബാലരാമായണം (1916), ശ്രീബുദ്ധചരിതം (1917--1924), ഗ്രാമവൃക്ഷത്തിലെ കുയില്‍ (1918), പ്രരോദനം, ചിന്താവിഷ്ടയായ സീത (1919), പുഷ്പവാടി, ദുരവസ്ഥ, ചണ്ഢാലഭിക്ഷുകി (1922), കരുണ (1923), മണിമാല (1924), വനമാല (1924) എന്നിവയാണ്‌ പ്രധാനപ്പെട്ട കാവ്യകൃതികള്‍. സൌന്ദര്യലഹരിയുടെ പരിഭാഷ, സ്ത്രോത്ര കൃതികളായ നിജാനന്ദവിലാസം, ശിവസ്ത്രോത്രമാല, സുബ്രഹ്മണ്യശതകം എന്നിവ വീണപൂവിന്‌ മുമ്പ്‌ പുറത്തു വന്നു.

പ്രബോധചന്ദ്രോദയം (തര്‍ജ്ജമ), വിചിത്രവിജയം എന്നിവ നാടകകൃതികളാണ്‌. രാജയോഗം (തര്‍ജ്ജമ), മൈത്രേയി (കഥ- തര്‍ജ്ജമ) ഒരു ദൈവികമായ പ്രതികാരം (കഥ-തര്‍ജ്ജമ), മനഃശക്തി, മതപരിവര്‍ത്തന സംവാദം, നിരൂപണങ്ങള്‍ (നിരൂപണപരങ്ങളായ ലേഖനങ്ങളുടെ സമാഹാരം) എന്നിവയാണ്‌ ഗദ്യകൃതികള്‍..


0 comments:

Post a Comment